ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ നെന്മാറ ബ്ളോക്കിലാണ് വണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 56.70 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വണ്ടാഴി പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-ആലത്തൂര്‍, വടക്കഞ്ചേരി പഞ്ചായത്തുകള്‍, തെക്ക്-വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക്-അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകള്‍ എന്നിവയാണ്. സഹ്യപര്‍വ്വതത്തിന്റെ ഒരു ഭാഗമായ തെന്‍മലയുടെ ഓരത്താണ് പ്രകൃതിമനോഹരമായ ഈ ഗ്രാമം. വീഴുമലകളുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഘോരവനങ്ങളും, മലനിരകളും കുലംകുത്തിയൊഴുകുന്ന കാട്ടാറുകളും ഈ നാടിനെ ദൃശ്യവൈവിധ്യത്തിന്റെ കലവറയാക്കുന്നു. വെളളാട്ടിരി, കുഞ്ചാര്‍പതി മലനിരകളെ രണ്ടായി പകുത്ത് മലമുകളില്‍ നിന്ന് ഉത്ഭവിച്ച് താഴോട്ടൊഴുകുന്ന ചെറുകുന്നം പുഴ ഈ ഗ്രാമത്തെ കിഴക്കഞ്ചരിയില്‍ നിന്നും വേര്‍തിരിക്കുന്നു. മലഞ്ചരിവുകളും മലമടക്കുകളും കഴിഞ്ഞാല്‍ ഏകദേശം 15 കി.മീ. നീളത്തില്‍ പരന്നുകിടക്കുന്ന ഒരു സമതല പ്രദേശമാണ് ഈ പഞ്ചായത്ത്. നെല്‍പ്പാടങ്ങളും തെങ്ങിന്‍തോട്ടങ്ങളും കവുങ്ങുതോട്ടങ്ങളും നിറഞ്ഞ ഹരിതാഭമായ കാര്‍ഷികമേഖലയാണ് ഈ പ്രദേശം. ജാതിമേധാവിത്വത്തിന്റയും ജന്‍മിത്തത്തിന്റയും ബിട്ടീഷ് ഭരണകൂടത്തിന്റയും മര്‍ദ്ദനങ്ങളെ വെല്ലുവിളിച്ച ജനവിഭാഗം മോസ്ക്കോവിലെ ചുവന്ന പോരാളികളെപ്പോലെ പ്രതിരോധം നടത്തിയതുകൊണ്ട് ബിട്ടീഷ് പട്ടാളം വണ്ടാഴിക്ക് നല്‍കിയ പേരായിരുന്നു മോസ്ക്കോ.പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു വണ്ടാഴി ഉള്‍ക്കൊള്ളുന്ന മലബാര്‍ പ്രദേശം. കോഴിക്കോട് സാമൂതിരിരാജാവിന്റെ ആശ്രിതനായിരുന്ന പാലക്കാട് രാജാവിന്റെ കീഴിലായിരുന്നു ഈ പ്രദേശങ്ങളത്രയും. കേരളപ്പിറവിക്കുശേഷവും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ജനങ്ങള്‍, തമിഴ്നാടുമായുള്ള വ്യാപാരവും മുന്‍പുണ്ടായിരുന്ന കുടുംബബന്ധങ്ങളും തുടര്‍ന്നുവരുന്നു. അടിയാന്മാരായിരുന്ന ഹരിജനങ്ങള്‍, ആദിവാസി വിഭാഗക്കാരായ മലയര്‍ തുടങ്ങിയവര്‍ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന കതിരുത്സവം, സവര്‍ണ്ണര്‍ നടത്തിയിരുന്ന വേല തുടങ്ങിയവയും തമിഴുവംശജരുടെ പൈതൃകകാലാരൂപങ്ങളായ കുഭംകളി, പൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങളും തൈപൂയം, നിറഉത്സവം തുടങ്ങിയ ആഘോഷങ്ങളും ഇപ്പോള്‍ എല്ലാ വിഭാഗങ്ങളുടേയും പൊതുവായ ആഘോഷങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. പഴനി സുബ്രമണ്യക്ഷേത്രത്തില്‍ തീര്‍ത്ഥാടനം പോകുന്നതിന്റെ ഭാഗമായി പയനം കിടക്കുന്ന രീതി നിലനിന്നിരുന്നു. പുറാട്ട്നാടകം, ഓണത്തല്ല്, ഭരണിപ്പാട്ട്, മലമക്കളി, പുള്ളുവന്‍പ്പാട്ട്, തോറ്റംപ്പാട്ട്, എന്നീ കലാരൂപങ്ങള്‍ ഇവിടെ പണ്ടുമുതലേ പ്രചാരത്തിലുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ട ഈഴവാദ്യം, ചെണ്ട, നാദസ്വരം, എന്നിവയാണ് പ്രധാന വാദ്യങ്ങള്‍. 1952-ല്‍ മംഗലം ഡാമിന്റെ നിര്‍മ്മാണം ആരംഭിച്ചതോടുകൂടി ഈ പഞ്ചായത്തില്‍ സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ മാറ്റങ്ങള്‍ ദൃശ്യമായി.